ആലപ്പുഴ:കലയുടെ വിവിധ രൂപങ്ങളില്‍ വ്യത്യസ്ത വേഷവിധാനങ്ങളില്‍ 59 കുട്ടികള്‍ മണ്‍ചെരാതുകള്‍ തെളിച്ചു.ആര്‍ഭാടങ്ങളില്ലാത്ത വേദിയില്‍ അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് അന്‍പത്തിയൊന്‍പതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കമായി.പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.
പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്നും  വിധിനിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്നും  ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
62 ഇനങ്ങളിലാണ് ഇന്നു മല്‍സരം നടക്കുന്നത് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, പെണ്‍കുട്ടികളുടെ കേരള നടനം, ആണ്‍കുട്ടികളുടെ ഭരതനാട്യം,കുച്ചുപ്പുടി അടക്കം 62 ഇനങ്ങളില്‍ ഇന്ന് കുട്ടികള്‍ മല്‍സരിക്കും.
മൂന്നുദിവസം 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്. സ്വാഗതഘോഷയാത്രയോ വന്‍സമാപനസമ്മേളനമോ കൂറ്റന്‍ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്.29 വേദികളില്‍ പ്രധാനവേദിയുള്‍പ്പടെ പലതും ഒരുക്കിയത് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ്.
മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍.പതിവുപോലെതന്നെ കലോല്‍വസത്തില്‍ രുചിപ്പെരുമയുമായി പഴയിടം മോഹനന്‍ നമ്പൂതിരിയുണ്ട്.സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്.ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത്.