പത്തനംതിട്ട:ശബരിമലയില്‍ അതീവ ജാഗ്രതയോടെ പോലീസ് നിലയുറപ്പിച്ചു.ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രിമുതല്‍ ചൊവ്വാഴ്ച രാത്രി വരെ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം,പമ്പ,നിലയ്ക്കല്‍,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് കലക്ടര്‍ പി.ബി.നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നടതുറക്കുന്ന തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ അയ്യപ്പഭക്തരെയും മാധ്യമപ്രവര്‍ത്തകരെയും നിലയ്ക്കലില്‍ പരിശോധിച്ച ശേഷമേ പമ്പയിലേക്കും സന്നിധാനത്തേക്കും വിടൂ.തീര്‍ഥാടകരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ലെന്നും ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ അറിയിച്ചു.വടശേരിക്കര,നിലയ്ക്കല്‍,പമ്പ,സന്നിധാനം എന്നീ നാലു മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്.ആദ്യഘട്ടമായി 1200 പൊലീസുകാരെ ഇന്നു വിന്യസിക്കും.ദക്ഷിണ മേഖലാ എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് ഐ.ജിമാര്‍,അഞ്ച് എസ്.പിമാര്‍,10 ഡിവൈ.എസ്.പിമാര്‍ എന്നിവര്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും.ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചാണ് നടപടികള്‍.
ഇന്നു മുതല്‍ നട അടയ്ക്കുന്ന ആറാം തീയതി വരെ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും കര്‍ശന വാഹന പരിശോധനയുണ്ടാകും.ഇരുമുടിക്കെട്ടില്ലാതെ തൊഴാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഇതുവരെ യുവതികളാരും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല.