ദില്ലി:പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു.പരാമര്‍ശങ്ങളില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.
‘ 56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടിപ്പോയി ഒരു സ്ത്രീയോട് പറഞ്ഞു,സീതാരാമന്‍ ജി,എന്നെ ന്യായീകരിക്കൂ. എന്നെ ന്യായീകരിക്കാന്‍ എനിക്ക് കഴിയില്ല,എന്നെ ന്യായീകരിക്കൂ.രണ്ടര മണിക്കൂര്‍ എടുത്തിട്ടും ആ സ്ത്രീക്ക് അദ്ദേഹത്തെ ന്യായീകരിക്കാന്‍ സാധിച്ചില്ല.ഞാന്‍ ഒറ്റ ചോദ്യമേ ചോദിച്ചുള്ളു- ഉത്തരം യെസ്/നോ. എന്നാല്‍ അവര്‍ക്ക് ഉത്തരം നല്‍കാനായില്ല.’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് താനുന്നയിച്ച ചോദ്യങ്ങളില്‍നിന്നും മോദി ഒളിച്ചോടിയത് ഒരു സ്ത്രീയെ ഇറക്കിയിട്ടാണെന്നാണ് രാഹുല്‍ വിമര്‍ശിച്ചത്.
രാഹുലിന്റെ പരാമര്‍ശം ഒരു സ്ത്രീയുടെ അന്തസ്സിന് നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.