കൊച്ചി:ശബരിമലയില്‍ ദര്‍ശനം നടത്തി വാര്‍ത്തകളിലിടം പിടിച്ച ബിന്ദുവും കനക ദുര്‍ഗയും കൊച്ചിയില്‍ നടക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ വേദിയിലെത്തി.ശബരിമല കയറിയശേഷം നാട്ടില്‍ തിരിച്ചെത്താതെ പോലീസ് സംരക്ഷണയില്‍ കഴിയുകയായിരുന്ന ബിന്ദുവും കനക ദുര്‍ഗയും ആദ്യമായാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.
മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും പരിപാടിയുടെ സംഘാടകരില്‍ ചിലര്‍ തീവ്രസ്വഭാവമുളളവരാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിന്‍മാറുകയായിരുന്നു. ശബരിമലയില്‍ നേരത്തെ ദര്‍ശനത്തിനു ശ്രമിച്ച രഹന ഫാത്തിമ അടക്കമുള്ളവര്‍ ‘ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ വേദിയിലെത്താന്‍ സാധ്യതയുള്ളതായി സ്പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആര്‍ത്തവ അയിത്തത്തിനെതിരായ പരിപാടിയില്‍ ആചാരങ്ങളെ തിരസ്‌കരിച്ചുകൊണ്ട് ശബരിമല കയറിയ ബിന്ദുവും കനകദുര്‍ഗയും തന്നെയാണ് താരങ്ങള്‍.പരിപാടിയില്‍ പങ്കെടുക്കണമെന്ന് നേരത്തെ കരുതിയതാണെന്നും തങ്ങള്‍ തെറ്റു ചെയ്തവരല്ലെന്നും ഇവര്‍ പറയുന്നു.പോലീസ് സംരക്ഷണം ആവശ്യപ്പെടാതെ സ്വന്തം നിലയ്ക്കാണെത്തിയതെന്നും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കി.
മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് ഇന്നലെയാണ് ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയ്ക്ക് തുടക്കമായത്. ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ശബരിമല വിധി, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കും. പൊതുസമ്മേളനത്തില്‍ സിപിഐ ദേശീയ നേതാവ് ആനി രാജ,കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു,കൊച്ചി മുസിരിസ് ബിനാലെ കുറേറ്റര്‍ അനിത ദുബൈ,കെ ആര്‍ മീര, സുനില്‍ പി ഇളയിടം തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.