കൊച്ചി:എറണാകുളം മുനമ്പത്ത് നിന്നും മല്‍സ്യബന്ധനബോട്ടില്‍ 41 പേര് കടന്നത് ഓസ്ട്രേലിയയ്ക്കെന്ന് പോലീസ്.മനുഷ്യക്കടത്തിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.മുനമ്പത്തെ പമ്പില്‍നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലീറ്റര്‍ ഇന്ധനവും സംഘം നിറച്ചു.കുടിവെള്ളം ശേഖരിക്കാനായി അഞ്ചു ടാങ്കറുകളും സംഘം വാങ്ങിയതായി വിവരം ലഭിച്ചു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ചെറായിയിലെ ഹോട്ടലുകളില്‍ ആറു ദിവസത്തോളം താമസിച്ചതായി വിവരം ലഭിച്ചു.12-ാം തീയതി പുലര്‍ച്ചെയാണ് ഇവര്‍ ഹോട്ടല്‍ മുറി വിട്ടത്.
ചെറായി ബീച്ചില്‍ നിന്നും വടക്കേക്കര മാല്യങ്കരയില്നിന്നുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്ത ബാഗുകളില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.സ്ത്രീകളും കുട്ടികളുടേയും വസ്ത്രങ്ങള്‍,ശീതളപാനീയങ്ങള്‍,വെള്ളം,ഉണങ്ങിയ പഴങ്ങള്‍ എന്നിവയടക്കം നിരവധി സാധനങ്ങള്‍ പോലീസ് ബാഗുകളില്‍ നിന്ന് കണ്ടെത്തി.ദില്ലിയില്‍ നിന്ന് സംഘത്തിലെത്തിയ അഞ്ച് പേരുടെ രേഖകളാണ് പൊലീസിന് ലഭിച്ചത്.