ഷില്ലോംഗ്:മേഘാലയയില്‍ ഒരു മാസം മുന്‍പുണ്ടായ ഖനി അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേനയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് 200 അടിയോളം താഴ്ച്ചയില്‍ മൃതദേഹം കണ്ടെത്തിയത്.മൊത്തം 15 പേരാണ് ഖനിയില്‍ കുടുങ്ങിയത്.
കഴിഞ്ഞ മാസം 13 നാണ് ജയ്ന്തിയ പര്‍വതമേഖലയ്ക്കു സമീപമുള്ള ഖനിയില്‍ അപകടമുണ്ടായത്. അപ്രതീക്ഷിത പ്രളയത്തെത്തുടര്‍ന്ന് നദിയില്‍ നിന്നും ഖനിയിലേക്ക് വെള്ളം ഇരച്ചുകയറിയതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. ഖനിയില്‍ നിന്നും വെള്ളം മാറ്റാനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
തൊഴിലാളികളാരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ വിദഗദ്ധര്‍ അറിയിച്ചിരുന്നുവെങ്കിലും ഒരു തൊഴിലാളിയെങ്കിലും ജീവനോടെ ബാക്കിയുണ്ടാവും എന്ന വിശ്വാസത്തോടെ സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.തുടര്‍ന്നാണ് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.