മധുര:തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉല്‍സവത്തോടനുബന്ധിച്ചു നടക്കുന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് നൂറിലധികം പേര്‍ക്ക് പരുക്ക്.ഇതില്‍ ഇരുപതുപേരുടെ നില അതീവഗുരുതരമാണ്. മധുരയ്ക്കു സമീപം പാലമേട്,അവണിയാപുരം എന്നിവിടങ്ങളില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.അഴിച്ചുവിട്ട കാളക്കൂറ്റനെ കീഴടക്കുന്ന അപകടകരമായ മല്‍സരത്തില്‍ കാളയുടെ കുത്തേറ്റാണ് ആളുകള്‍ക്ക് പരിക്കേറ്റത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജെല്ലിക്കെട്ട് അപകടകരമായ ആഘോഷമായതിനാല്‍ സുപ്രീംകോടതി നിരോധിച്ചിരുന്നെങ്കിലും തമിഴക രാഷ്ട്രീയത്തിലെ പ്രമുഖരും സിനിമാതാരങ്ങളുമടക്കം ജെല്ലിക്കെട്ടിനെ അനുകൂലിക്കുകയും തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളുണ്ടാവുകയും ചെയ്തു.തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ട് നിരോധനം നീക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കുകയായിരുന്നു.എല്ലാ വര്‍ഷവും ജെല്ലിക്കെട്ടിനോടനുബന്ധിച്ച് അപകടവും മരണങ്ങളും സംഭവിക്കുന്നത് പതിവാണ്.
അതിസാഹസികമായി കാളകളെ കീഴടക്കുന്ന മല്‍സരത്തില്‍ അഞ്ഞൂറിലധികംപേര്‍ പങ്കെടുത്തിരുന്നു.ഏറ്റവും അധികം കാളകളെ കീഴടക്കുന്ന ഒന്നാം സ്ഥാനക്കാരന് ഒമ്‌നി വാനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം.