ന്യൂഡല്‍ഹി:ശബരിമല ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു.മുഴുവന്‍ സമയ സുരക്ഷവേണമെന്നാണ് ഇരുവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.ഹര്‍ജി അടിയന്തരമായി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയിംസ് വഴിയാണ് ബിന്ദുവും കനകദുര്‍ഗയും ഹര്‍ജി നല്‍കിയത്. ശബരിമല ദര്‍ശനത്തിനുശേഷം നാട്ടിലെത്താതെ മാറിനിന്ന ബിന്ദുവും കനക ദുര്‍ഗയും അവധിയുടെ കാലാവധി തീര്‍ന്നതോടെയാണ് തിരിച്ചെത്തിയത്.വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദിച്ചന്നാരോപിച്ച് ഇവര്‍ കേസുകൊടുത്തിരുന്നു.തന്നെ മര്‍ദിച്ചെന്നുപറഞ്ഞ് ഭര്‍ത്താവിന്റെ അമ്മ കനകദുര്‍ഗയ്‌ക്കെതിരെയും കേസുകൊടുത്തിരുന്നു. ഇവര്‍ക്ക് കുടുംബത്തില്‍ നിന്നുപോലും കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരികയാണ്.അതിലുപരിയായി ഇരുവരുടേയും വീടുകള്‍ക്കുനേരെയും സംഘ്പരിവാര്‍ ആക്രമണം നടത്തിയിരുന്നു.