തിയേറ്റുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ നിന്നുതന്നെയാണ് തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെതിരെ പരാമര്‍ശങ്ങള്‍ വന്നത്.

ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിലെ ജെ.ചന്ദ്രചൂഢാണ് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കാത്തത് ദേശവിരുദ്ധമായി കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി. ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ജനങ്ങള്‍ തിയേറ്ററുകളില്‍ പോകുന്നത് പരിധികളില്ലാത്ത വിനോദത്തിന് വേണ്ടിയാണെന്നും സമൂഹത്തിന് വിനോദം ആവശ്യമാണെന്നും ബഞ്ചില്‍ അംഗമായ ജസ്റ്റിസ് അദ്ദേഹം നിരീക്ഷിച്ചു.

ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെങ്കില്‍ ദേശവിരുദ്ധനാകും എന്ന ഭീതിയാണ് ജനങ്ങള്‍ക്കുള്ളതെന്നും കോടതി പറഞ്ഞു. ഇന്ന് ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നവര്‍ നാളെ ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ വസ്ത്രവും ധരിച്ച് സിനിമാ തിയേറ്ററില്‍ വരരുത് എന്ന തരത്തിലുള്ള ഉത്തരവും ഇറക്കുകയില്ലേ എന്നും ഇത് സദാചാര പൊലീസിങ്ങ് പോലുള്ള പ്രവര്‍ത്തനമാണെന്നും കോടതി നിരീക്ഷിച്ചു.

സിനിമാ തിയേറ്ററുകളില്‍ ഓരോ പ്രദര്‍ശനത്തിനും മുമ്പും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ഈ സമയം എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നും ഒരു വര്‍ഷം മുമ്പാണ് സുപ്രീംകോടതി ഒരു ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയത്. ഈ ഉത്തരവിന്മേലുള്ള ഹര്‍ജികള്‍ അന്തിമ വാദത്തിനായി പരിഗണിക്കവെ സുപ്രീംകോടതി തന്നെ രംഗത്ത് വന്നത്.