ന്യൂഡല്‍ഹി:ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച ബി ജെ പി എം എല്‍ എ സാധനാസിംഗ് ഖേദം പ്രകടിപ്പിച്ചു.പരാമര്‍ശം വിവാദമായതോടെയാണ് സാധന ഖേദപ്രകടനവുമായി രംഗത്തെത്തിയത്.അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വില്‍ക്കുന്ന സ്ത്രീയാണ് മായാവതി എന്നാണ് സാധനാസിംഗ് ഒരു പൊതു ചടങ്ങില്‍ പ്രസംഗിച്ചത്.മോശം പരാമര്‍ശത്തില്‍ സാധനയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
തെരെഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം സഖ്യമുണ്ടാക്കി മല്‍സരിക്കുമെന്ന് മായാവതിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് സാധന അധിക്ഷേപ പരാമര്‍ശം നടത്തിയത്.അധികാരത്തിന് വേണ്ടി മാനം പോലും വില്‍ക്കുന്ന മായാവതി, സ്ത്രീസമൂഹത്തിന് തന്നെ നാണക്കേടാണ് എന്നായിരുന്നു മുഗള്‌സറായിയിലെ ഒരു പൊതു പരിപാടിയില്‍ സാധനാസിംഗ് പ്രസംഗിച്ചത്.
സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മായാവതിയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് വര്‍ഷങ്ങളോളം ഇരുപാര്‍ട്ടികളും അകല്‍ച്ചയിലായിരുന്നു.എന്നാല്‍ ഇക്കാര്യം മറന്ന് വീണ്ടും സമാജ് വാദി പാര്‍ട്ടിയുമായി ബിഎസ്പി സഖ്യമുണ്ടാക്കിയതിനെയാണ് സാധനയുടെ വിമര്‍ശിച്ചത്.