തിരുവനന്തപുരം: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ അതിരൂക്ഷവിമര്‍ശനമുന്നയിച്ച്് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷന്‍ സംശയത്തിനതീതമായിരിക്കണമെന്നും ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനവും സുതാര്യമാകണമെന്നും അതിനു ഭംഗം വരുന്ന എന്തും ജനാധിപത്യത്തിന് ഏല്‍ക്കുന്ന പ്രഹരമായി മാറുമെന്നും ഫെയ്‌സ് ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ആറുമാസത്തിനകം സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുമിച്ചു തെരെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കം. അത് തെറ്റിക്കുന്നതിലെ അനൗചിത്യത്തെ മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്ര്യ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത സംശയകരമാകുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണ്.

ജനാധിപത്യ വിരുദ്ധമായ ഇടപെടലുണ്ടായ ഘട്ടങ്ങളില്‍ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും സംരക്ഷിക്കാന്‍ കമ്മീഷനിലെ ഓരോ അംഗങ്ങളും ഇടപെട്ട അനുഭവമാണ് ഇന്ത്യയുടേത്. ജനാധിപത്യത്തിന്റെ അന്തസത്ത ജനങ്ങള്‍ക്ക് കൈചൂണ്ടി എതിര്‍പ്പുന്നയിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശമാണ്. ആത്യന്തികമായി എല്ലാ അധികാര കേന്ദ്രങ്ങള്‍ക്കും ജനങ്ങളോടാണ് ഉത്തരവാദിത്തമെന്നും കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.