കോഴിക്കോട്:ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.ജലീല്‍ സുരക്ഷിതനായിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തി നിര്‍ത്തിയാണെന്നും ഫിറോസ് ആരോപിക്കുന്നു.ജലീലിന്റെ വകുപ്പില്‍ കോടിയേരിയുടെ അറിവോടെ മറ്റൊരു ബന്ധു നിയമനം കൂടി നടന്നെന്നും ഇത് ചുണ്ടിക്കാട്ടിയാണ് ജലീല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്നുമാണ് ഫിറോസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ സിപിഎം സംരക്ഷിക്കുകയാണ്. ജലീല്‍ കോടിയേരിയെ ബ്ലാക്ക്മെയില്‍ ചെയ്തതിന് തെളിവുകളുണ്ട്. സിപിഎം മുന്‍ എംഎല്‍എയായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവായ സി.നീലകണ്ഠനെ കെ.ടി ജലീലിന്റെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിയമിച്ചു. നിലവിലെ കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബാ റാവു ഐഎഎസിന്റെ സഹാത്തോടെയാണ് നിയമനം നടന്നത്. ഈ വിവരം ജലീല്‍ കോടിയേരിയെ അറിയിച്ചിരുന്നു. ഇതിന്റെ പേരിലാണ് ജലീല്‍ ഭീഷണിപ്പെടുത്തി സംരക്ഷണം ഉറപ്പാക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.
ടെക്നിക്കല്‍ ഡയറക്ടര്‍ എന്ന പദവിയുടെ പേരുമാറ്റി ഡപ്യൂട്ടി ടെക്നിക്കല്‍ ഡയറക്ടര്‍ എന്നാക്കുകയും ഒന്നാം റാങ്കുകാരനായ സന്തോഷ് എന്ന ആളെ മാറ്റി നീലകണ്ഠനെ ഒന്നാമതാക്കി നിയമിക്കുകയും ചെയ്യുകയായിരുന്നു.അഞ്ച് വര്‍ഷത്തെ കോണ്‍ഡ്രാക്ടിനാണ് നിയമനം.തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനിലാണ് നിയമനം.ഈ നിയമനത്തിന്റെ മറവിലാണ് പാര്‍ട്ടി കെ.ടി ജലീലിനെ സംരക്ഷിക്കുന്നതെന്നും പി.കെ ഫിറോസ് ആരോപിച്ചു.