തിരുവനന്തപുരം:പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥന് പുരസ്‌കാരം രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത് മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തമായി. തൃശ്ശൂരില്‍ പ്രളയത്തില്‍ വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായര്‍. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ പ്രളയകാലത്ത് എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്.
പായ്‌വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും നവ് സേനാ മെഡല്‍ ലഭിച്ചത് മലയാളിക്ക് അഭിമാനനേട്ടമാണ്.അപകടത്തില്‍പ്പെട്ട് മൂന്നുദിവസം പായ്‌വഞ്ചിയില്‍ കഴിഞ്ഞ അഭിലാഷ് ടോമി ധൈര്യവും ഇഛാശക്തിയും മനക്കരുത്തും കൊണ്ടാണ് ജീവിതത്തിലേക്കു തിരിച്ചു വന്നത്.പി വിസ്മയക്ക് ഉത്തംജീവന്‍ രക്ഷാപതക് സമ്മാനിക്കും.എം രാധാകൃഷ്ണന്‍,കെകെ അഭിനവ്,പിആര്‍ വൈഷ്ണവ്,പിഎസ് ശ്രീജിത്ത് എന്നിവര്‍ക്കാണ് ജീവന്‍ രക്ഷാ പതക് പുരസ്‌കാരം.
കമാന്റര്‍ വിജയ് വര്‍മയ്ക്ക് നാവികസേനാ പുരസ്‌കാരം നല്‍കും.ജയില്‍ വകുപ്പിലെ എം ബാബുരാജ്, എം കെ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും സമ്മാനിക്കും. വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവിയായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിക്കും.
ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക ചക്ര നല്‍കും. കാശ്മീരിലെ ഷോപ്പിയാനില്‍ കഴിഞ്ഞ നവംബറില്‍ ഭീകരവിരുദ്ധ നടപടിക്കിടെയാണ് 38 കാരനായ ലാന്‍സ് നായിക് നസീര്‍ അമഹമ്മദ് വാനി വീരമൃത്യു വരിച്ചത്.മേജര്‍ തുഷാര്‍ ഗൗബയ്ക്കും വിജയകുമാറിനും കീര്‍ത്തി ചക്രയും മേജര്‍ ഹേമന്ദ് രാജിന് വിശിഷ്ട സേവാ പുരസ്‌കാരവും നല്‍കും.