ദില്ലി:മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്,സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി.റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം.നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്‌കാരം നല്‍കുന്നത്.
1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ജനനം. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തികൂടിയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രപതിയുടെ പദവിയിലെത്തിയ പ്രണബ് മുഖര്‍ജി ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ആദരണീയ വ്യക്തിത്വത്തിനുടമയാണ്. 1969ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് മുഖര്‍ജിയുടെ രാഷ്ട്രീയപ്രവേശം.പിന്നീട് വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ മന്ത്രിയായി. പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി, വാണിജ്യകാര്യമന്ത്രി, ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍, കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
2012-ല്‍ യുപിഎ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരിക്കെയാണ് രാഷ്ട്രപതിയാവുന്നത്.2017 വരെ ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം മന്‍മോഹന്‍സിംഗ്, നരേന്ദ്രമോദി എന്നീ പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. തന്റെ രാഷ്ട്രീയജീവിതകാലത്ത് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും നിശിത വിമര്‍ശകനായിരുന്ന മുഖര്‍ജി എന്നാല്‍, രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞശേഷം കഴിഞ്ഞ വര്‍ഷം ജൂണില്‍ നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു.
1926-ല്‍ അസമിലാണ് വിഖ്യാത ഗായകനും കവിയുമായ ഭൂപന്‍ ഹസാരികെ ജനിച്ചത്.1939-മുതല്‍ 2011ല്‍ 85-ാം വയസ്സില്‍ മരിക്കും വരെ അദ്ദേഹം സംഗീതരംഗത്ത് സജീവമായിരുന്നു.1975-ല്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും 1987-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും, 1992-ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും ഹസാരികെ സ്വന്തമാക്കി.പത്മശ്രീ(1977),പത്മവിഭൂഷണ്‍ (2001) പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.ചലച്ചിത്ര നിര്‍മാതാവ്,പിന്നണി ഗായകന്‍ സംഗീതജ്ഞന്‍ തുടങ്ങി വിവിധ മേഖലകളില്‍ ഹസാരിക തിളങ്ങി.1967–72 കാലയളവില്‍ എംഎല്‍എയായി പ്രവര്‍ത്തിച്ചു.ബിജെപിയോട് അടുപ്പം സ്ഥാപിച്ചിരുന്ന അദ്ദേഹം 1998- മുതല്‍ 2003 വരെ സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു.
1916 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ഹഠോലിയിലാണ് നാനാജി ദേശ്മുഖ് ജനിച്ചത്.കോളേജ് വിദ്യാഭ്യാസകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായി. ആര്‍എസ്എസ് ജനസംഘം പ്രവര്‍ത്തകനായ നാനാജി ദേശ്മുഖ് രാജ്യസഭാംഗവുമായിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന എം.എസ്.ഗോല്‍വാക്കറുടെ നിര്‍ദേശ പ്രകാരമാണ് മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഗൊരഖ്പുറില്‍ ആര്‍എസ്എസ് പ്രചാരകിന്റെ ചുമതലയുമായി എത്തുന്നത്. ജനസംഘം രൂപീകരിക്കപ്പെട്ടപ്പോള്‍ പ്രവര്‍ത്തകനായി.
1977 ല്‍ യുപിയിലെ ബല്‍റാംപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1999ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭാംഗമായി. 1980-ല്‍ തന്റെ അറുപതാം വയസില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച നാനാജി പിന്നീട് സാമൂഹ്യസേവനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.2006-ല്‍ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.2010 ഫെബ്രുവരിയില്‍ അന്ത്യം.മരണാനന്തരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറിയിരുന്നു.