തൃശൂര്‍:ശബരിമല വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.കേരള സംസ്‌കാരം എല്ലാ രീതിയിലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണ് ശബരിമലയില്‍ ഉണ്ടായതെന്നും എന്ത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും മോദി പറഞ്ഞു. യുവ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് തന്നെ വലിയ തമാശയാണെന്നും മോദി പരിഹസിച്ചു.
മോദിയോടുള്ള വെറുപ്പിന്റെ പേരില്‍ രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യവ്യവസ്ഥയേയും അപമാനിക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നിര്‍ത്തണം.ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതും നശിപ്പിക്കാന്‍ നോക്കുന്നതും പോരാതെ അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരേ മനസാണെന്നും മോദി പ്രസംഗത്തില്‍ ആരോപിച്ചു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ദില്ലിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്.അവരുടെ ഇരട്ടത്താപ്പ് ഇപ്പോള്‍ വെളിപ്പെട്ടു കഴിഞ്ഞു.അതൊന്നും ഇവിടെ വിലപോവില്ലെന്ന് അവര്‍ മനസ്സിലാക്കണം.സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ അവര്‍ക്കൊരു താത്പര്യവുമില്ല.ഉണ്ടായിരുന്നുവെങ്കില്‍ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തെ അവര്‍ എതിര്‍ക്കുമായിരുന്നില്ല.