തിരുവനന്തപുരം:പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്നും കാണാതായ വിദ്യാര്‍ത്ഥിനി ജെസ്‌ന ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണ്ണാടക പോലീസ്.അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കേരള പോലീസിന്റെ അന്വേഷണം എവിടെയുമെത്തിയിരുന്നില്ല.ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമുള്ള വിവരം ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തെയാണ് കര്‍ണ്ണാടക പോലീസ് അറിയിച്ചത്.എന്നാല്‍, ജെസ്‌ന എവിടെയാണെന്ന വിവരത്തിനു പിന്നാലെ പോകേണ്ടെന്നാണു പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്.അമ്മായിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ജെസ്‌നയുമായി ബന്ധപ്പെട്ട് പലരും നല്‍കിയ വിവരങ്ങള്‍ക്ക് പിന്നാലെ അന്വേഷണവുമായി പോയെങ്കിലും ലക്ഷ്യം കണ്ടില്ല.ഇതിനിടെ തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പോലും തിരിച്ചറിയാന്‍ പോലീസ് സംഘവും ജെസ്‌നയുടെ സഹോദരനും പോവുകയുണ്ടായി. കുടുംബവും ഒരു ഘട്ടത്തില്‍ സംശയത്തിന്റെ നിഴലിലായിരുന്നു. അന്യസംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.