റായ്പൂര്‍:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി തയ്യാറാക്കും.മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ ഉറപ്പാക്കുമെന്നും പദ്ധതി നടപ്പായാല്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചു മാറ്റപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടന്ന കിസാന്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുല്‍.ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വാഗ്ദാനം.ഛത്തീസ്ഘട്ടിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ഉടന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയിരുന്നു.ഇത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
ബിജെപിയേയും മോദിയേയും രാഹുല്‍ വിമര്‍ശിച്ചു.കേന്ദ്രസര്‍ക്കാര്‍ രണ്ട് തരം ഇന്ത്യക്കാരെ സൃഷ്ടിക്കുകയാണ്.അനില്‍ അംബാനി,നീരവ് മോദി,വിജയ് മല്യ,മെഹുല്‍ ചോക്സി എന്നിവരടങ്ങുന്ന ഒരു വിഭാഗവും രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ രണ്ടാമത്തെ വിഭാഗമെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു.