ലണ്ടന്‍: ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം അഞ്ചാം തവണയും ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക്. അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന ലയോണല്‍ മെസ്സിയേയും നെയ്മറേയും പിന്തള്ളിയാണ് പുരസ്‌കാര നേട്ടം. റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാനാണ് മികച്ച പരിശീലകന്‍. മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോക്കൊപ്പം ഫിഫയുടെ ലോകടീമില്‍ ഇടംനേടി.
ഈ വര്‍ഷം 48 കളികളില്‍ നിന്ന് നേടിയ 45 ഗോളുകളാണ് ആരാധകരുടെ പ്രിയപ്പെട്ട ക്രിസ്റ്റ്യാനോയെ ഫിഫക്കും പ്രിയപ്പെട്ടവനാക്കിയത്. മെസ്സി 50 ഗോളുകളും നെയ്മര്‍ 25 ഗോളുകളുമാണ് ഈ വര്‍ഷം നേടിയിരുന്നത്. 24 പേരായിരുന്നു മികച്ച ഫുട്‌ബോളര്‍ക്കുള്ള ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. പുഷ്‌കാസ് ഗോള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ആഴ്‌സനലിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒളിവിയേ ജിറൂഡിനാണ്.
യുവന്റസിന്റെ ഇറ്റാലിയന്‍ ഗോളി ജെന്‍ലൂയിജി ബുഫോണ്‍ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സെറീന വെയ്ഗ്മാന്‍ മികച്ച വനിതാ കോച്ചായി. നെതര്‍ലന്റിന്റെ കൗമാരതാരം ലെയ്ക്ക് മാര്‍ട്ടിനസ് ആണ് മികച്ച വനിതാ ഫുട്‌ബോളര്‍. മെസി, നെയ്മര്‍, റൊണാള്‍ഡോ, ഡാനി ആല്‍വസ്, സെര്‍ജി റാമോസ്, ബെനൂച്ചി, മാര്‍സലോ, ലൂക്കോ മോഡ്രിച്ച്, ടോണി ക്രൂസ്, ഇനിയസ്റ്റ, ബുഫണ്‍, എന്നിവരാണ് ലോക ഇലവനില്‍ ഇടംപിടിച്ചവര്‍.