ബംഗളൂരൂ:കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചതിനെത്തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ മൂന്നു സ്ത്രീകള്‍ അറസ്റ്റിലായി. പ്രസാദം വിതരണം ചെയ്ത ലക്ഷ്മി (46), അമരാവതി (28), പാര്‍വതമ്മ (40) എന്നിവരാണ് അറസ്റ്റിലായത്.ലക്ഷ്മിയുടെ കാമുകനായ ലോകേഷിന്റെ ഭാര്യ ശ്രീ ഗൗരിയെ കൊലപ്പെടുത്താനാണ് അറസ്റ്റിലായ ലക്ഷ്മി പ്രസാദത്തില്‍ വിഷപദാര്‍ഥം കലര്‍ത്തിയത്.എന്നാല്‍ ശ്രീഗൗരിയുടെ അമ്മയായ സരസ്വതമ്മയും കവിത എന്നൊരാളുമാണ് മരിച്ചത്.പതിനൊന്നോളം പേരെ പ്രസാദം കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമാണ് പ്രസാദത്തില്‍ കലര്‍ത്തിയതെന്ന് പൊലീസ് പറയുന്നു.സംഘത്തെ സഹായിച്ചതിന് ലോകേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ലോകേഷും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ ഗൗരിയും കുടുംബവും ചോദ്യം ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് ലോകേഷിനൊപ്പം ജീവിക്കാനായി ഇവര്‍ ശ്രീഗൗരിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.ഗൗരിക്കും കുടുംബത്തിനും മാത്രം നല്‍കാനാണ് പ്രസാദത്തില്‍ വിഷം കലര്ത്തിയതെങ്കിലും മറ്റുള്ളവരും കഴിക്കുകയായിരുന്നു.