തിരുവനന്തപുരം:മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ തിരുത്തി.കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന് ഉത്തരവിലുണ്ടായിരുന്നു.ഈ ഭാഗം ഒഴിവാക്കി.പുതിയ ഉത്തരവില്‍ അഭിമുഖങ്ങള്‍ക്ക് പിആര്‍ഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റി.
നവംബര്‍ 11-നാണ് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് മാധ്യമങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിമാനത്താവളം,റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മാധ്യമങ്ങള്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം തേടുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു ഉത്തരവിലെ പരാമര്‍ശം.ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയനടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.തുടര്‍ന്ന് ഉത്തരവ് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
തിരുത്തിയ ഉത്തരവില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിമുഖങ്ങള്‍ എടുക്കണമെങ്കില്‍ പിആര്‍ഡിയുടെ അനുമതി വേണമെന്ന തീരുമാനവും മാറ്റി.ദര്‍ബാര്‍ ഹാള്‍ അടക്കം സെക്രട്ടറിയേറ്റിലെ വിവിധ ഹാളുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം പിആര്‍ഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.