തിരുവനന്തപുരം:നടന് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഫാന്‍സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവര്‍’ ചര്‍ച്ചയിലാണ് വിമല്‍കുമാറിന്റെ പ്രതികരണം.മോഹന്‍ലാല്‍ പൊതു സമൂഹത്തിന്റെ സ്വത്താണ്.അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരുന്നത് ബിജെപിയുടെ അജണ്ടയാകും.എന്നാല്‍ ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ അദ്ദേഹം കേള്‍ക്കേണ്ടി വരുമെന്നും വിമല്‍കുമാര്‍ പറഞ്ഞു.
സ്വയം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപിയെപ്പോലെയല്ല, മോഹന്‍ലാലിന് സിനിമയില്‍ ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്.മോഹന്‍ലാല്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കിയിറക്കിയ സ്ഥാനാര്‍ഥിയായേ ജനങ്ങള്‍ കാണൂ എന്നും വിമല്‍കുമാര്‍ പറഞ്ഞു.മോഹന്‍ലാല്‍ പണ്ട് ഒരു പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ ആര്‍എസ്എസ്സുകാര്‍ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്.എന്നിട്ട് അതേ ആളുകള്‍ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാന്‍ നോക്കുന്നതെന്നും വിമല്‍ കുമാര്‍ ചോദിച്ചു.
അതേസമയം മോഹന്‍ലാല്‍ മല്‍സരിക്കില്ലെന്നാണ് നിര്‍മ്മാതാവ് സുരേഷ്കുമാര്‍ പറഞ്ഞത്.മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുണ്ടെങ്കിലും മല്‍സരിക്കാന്‍ താല്പര്യമില്ലെന്നും സിനിമയില്‍ തുടരാനാണാഗ്രഹമെന്നും സുരേഷ്കുമാര്‍ പറഞ്ഞു.മോഹന്‍ലാല്‍ നില്‍ക്കുമോ എന്ന് പലരും തന്നോട് അന്വേഷിച്ചിരുന്നു. അത് അദ്ദേഹവുമായി ചര്‍ച്ച ചെയ്തപ്പോള്‍ താത്പര്യമില്ലെന്ന് പറയുകയും ചെയ്തുവെന്ന് സുരേഷ്കുമാര്‍ വ്യക്തമാക്കി.