പെരിന്തല്‍മണ്ണ:വീട്ടില്‍ തിരിച്ചു കയറാനുള്ള കോടതി വിധിയുമായി കനകദുര്‍ഗ എത്തിയപ്പോള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടില്‍ നിന്നിറങ്ങി.ശബരിമല ദര്‍ശനത്തിനുശേഷം വീട്ടില്‍ കയറാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കനക ദുര്‍ഗ നല്‍കിയ പരാതിയില്‍ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയത്.കനക ദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും ഗ്രാമന്യായാലയം ഉത്തരവിട്ടു.
ശബരിമല ദര്‍ശനം നടത്തിയശേഷം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയപ്പോള്‍ ഭര്‍തൃമാതാവും കനകദുര്‍ഗയും തമ്മില്‍ കയ്യാങ്കളി വരെ നടന്നു.ഭര്‍ത്താവിന്റെ അമ്മ തന്നെ മര്‍ദിച്ചെന്ന് കനക ദുര്‍ഗ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ആശുപ്രതിയില്‍ ചികില്‍സതേടുകയും ചെയ്തിരുന്നു.അതേസമയം മരുമകള്‍ തന്നെ മര്‍ദിച്ചെന്ന് അമ്മായി അമ്മയും പരാതി നല്‍കി.
ആശുപത്രിയില്‍ നിന്നിറങ്ങിയശേഷം രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ പൊലീസ് സുരക്ഷയോടെയാണ് കനകദുര്‍ഗ കഴിഞ്ഞിരുന്നത്.