കൊച്ചി:നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധനയ്ക്ക് സമ്മതിമറിയിച്ച് സുഹൃത്തുക്കള്‍.സാബുമോനും ജാഫര്‍ ഇടുക്കിയുമടക്കം ഏഴ്
സുഹൃത്തുക്കളാണ് നുണപരിശോധനയ്ക്ക് വിധേയരാകാമെന്ന് കോടതിയെ അറിയിച്ചത്.എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഇവര്‍ സമ്മതം അറിയിച്ചത്.
മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു.മണിയുടെ കുടുംബം സുഹൃത്തുക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് സിബിഐ സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
മണിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് അനുജന്‍ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്.ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി.
കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കുന്ന ഔട്ട് ഹൗസായ പാടിയില്‍നിന്നാണ് കലാഭവന്‍ മണിയെ ആശുപത്രിയിെലത്തിച്ചത്.അതുകൊണ്ടു തന്നെ അവസാന നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്ന സൃഹൃത്തുക്കള്‍ സംശയത്തിന്റെ നിഴലിലാവുകയായിരുന്നു.എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല.