ദില്ലി:ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച ഏകദിന നിരാഹാര സത്യഗ്രഹം ഡല്‍ഹിയില്‍ തുടങ്ങി.രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും. രാവിലെ 8 ന് രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തിയശേഷമാണ് ആന്ധ്രഭവനില്‍ സത്യഗ്രഹം നടന്നത്. ആന്ധ്രയിലെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.തന്നെ ആക്രമിക്കുകയാണ് ആന്ധ്രയില്‍ വരുമ്പോള്‍ മോദി ചെയ്യുന്നത്.അവകാശം നേടാതെ മടങ്ങില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹം. സംസ്ഥാനത്തോട് തുടരുന്ന കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ നിന്ന് കഴിഞ്ഞവര്‍ഷം ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി ഇറങ്ങിപ്പോയിരുന്നു.