തലശ്ശേരി:ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.സെക്ഷന്‍ 302, 102ബി പ്രകാരമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.കല്ല്യാശേരി എംഎല്‍എ ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.ഷുക്കൂറിന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
2012 ഫെബ്രുവരി 20നന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ചാണ് തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ (21) കൊല്ലപ്പെട്ടത്.ടി.വി. രാജേഷ് എംഎല്‍എ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം.ഷുക്കൂറിനെ പിടികൂടി ഫോട്ടോ എടുത്ത് മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തിയെന്നാണ് കേസ്.ആശുപത്രിയില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും സിബിഐ കണ്ടെത്തി.ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിപിഎം ഭാരവാഹികള്‍ക്കെതിരായ കേസ്.കൊലപ്പെടുത്തുന്നതിനു മുന്‍പ് ഷുക്കൂറിനെ രണ്ടു മണിക്കൂറോളം ബന്ദിയാക്കി വെച്ചിരുന്നു.ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.