തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി കേന്ദ്രത്തിനു കൈമാറി.ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.ആര്‍എസ്എസ് കേന്ദ്ര നേത്രത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് കുമ്മനം രാജശേഖരന്റെ പേര് തിരുവനന്തപുരത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള,സുരേഷ്‌ഗോപി എംപി എന്നിവരുടെ പേരുകളും തിരുവനന്തപുരത്ത് പരിഗണനയിലുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കാസര്‍കോട്, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലും, എ എന്‍ രാധാകൃഷ്ണനെ തൃശൂരും പരിഗണിക്കുന്നുണ്ട്. പി കെ.കൃഷ്ണദാസ്,ശോഭാ സുരേന്ദ്രന്‍ എന്നിവരെ പാലക്കാട്ടും ആറ്റിങ്ങലിലുമാണ് പരിഗണിക്കുന്നത്.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ പട്ടികയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.എട്ടുസീറ്റ് ചോദിച്ച ബിഡിജെഎസിന് അഞ്ച് സീറ്റ് നല്‍കാമെന്ന് ബിജെപി അറിയിച്ചിരുന്നു.ബിഡിജെഎസുമായി സീറ്റ് തര്‍ക്കം പരിഹരിച്ചെന്നും എന്‍ഡിഎ ഘടക കക്ഷികളുമായി ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.