ന്യൂഡല്‍ഹി:റഫാല്‍ അഴിമതിയില്‍ മോദി സര്‍ക്കാരിനെ വെള്ളപൂശിക്കൊണ്ട് സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ആണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടില്‍ ഇല്ല.അനില്‍ അംബാനി ഉള്‍പ്പെട്ടതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ഇല്ല.റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വിശദമാക്കി. പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നാണ് കോണ്‍ഗ്രസ് ആരോപണം.
വിമാനങ്ങളുടെ അടിസ്ഥാന വില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഫേലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ വേഗത്തില്‍ കിട്ടുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
2007 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ടെന്‍ഡര്‍ പ്രക്രിയയെയും 2015 ല്‍ മോഡി സര്‍ക്കാരും ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടും ടെന്‍ഡറിലേക്ക് എത്തിച്ചേര്‍ന്ന പ്രക്രിയയും വിമാനത്തിലെ സൗകര്യങ്ങളെയും സംവിധാനങ്ങളെയുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്തിട്ടുള്ളത്.ഫ്രാന്‍സില്‍ നിര്‍മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളില്‍ വില വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് മെഹ്റിഷിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടിന് ഇന്നലെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.