വയനാട്:രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്
ജന്‍മനാട് കണ്ണീരോടെ വിട നല്‍കി.പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌കരിച്ചു.തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട് വീടിനു സമീപത്തുള്ള സമുദായ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്.
ഉച്ചയ്ക്ക് രണ്ടേകാലോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വസന്തകുമാറിന്റെ മൃതദേഹം എത്തിച്ചത്. മന്ത്രിമാരായ കെടി ജലീല്‍, എകെ ശശീന്ദ്രന്‍, എംപിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, അബ്ദുള്‍ ഹമീദ്, സികെ ശശീന്ദ്രന്‍ എന്നിവരും വസന്തകുമാറിന്റെ ബന്ധുക്കളും വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെടി ജലീലും ഗവര്‍ണര്‍ക്ക് വേണ്ടി മലപ്പുറം ജില്ലാ കളക്ടറും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. വിമാനത്താവളം മുതല്‍ തൃക്കൈപ്പറ്റയിലെ പൊതുശ്മശാനം വരെ ജന്മനാട്ടിലെ വസന്തകുമാറിന്റെ അവസാനയാത്രയിലുടനീളം ആയിരങ്ങളാണ് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.
സിആര്‍പിഎഫിന്റെ പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായിട്ടാണ് വയനാട്ടിലേക്ക് ഭൗതികദേഹം കൊണ്ടു പോയത്. ആറ് മണിയോടെ ലക്കിടിയിലെ വസന്ത് കുമാറിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. പിന്നീട് വസന്തകുമാര്‍ പഠിച്ച ലക്കിടി എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു.തറവാട് വീടില്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം തൊട്ടടുത്തുള്ള ശമ്ശാനത്തിലേക്ക് കൊണ്ടു വന്ന് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു.