ന്യൂഡല്‍ഹി:തമിഴ്‌നാട്ടിലെ തൂത്തുക്കുടി വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ട്രൈബ്യൂണലിന്റെ അധികാരപരിധി മറികടന്നാണ് പ്ലാന്റിന് പ്രവര്‍ത്താനാനുമതി നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. കമ്പനി അടച്ച് പൂട്ടണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വേദന്തക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിനാണ് വേദാന്തയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.പ്ലാന്റിനെതിരായി പ്രദേശവാസികള്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്താനാനുമതി തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.ഒപ്പം രണ്ടാം ഘട്ട വികസനത്തിന് ഭൂമി അനുവദിച്ചതും റദ്ദാക്കി.ഇതിനെതിരെ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു.തുടര്‍ന്ന് കമ്പനി തുറന്നു പ്രവര്‍ത്തിക്കാനും ലൈസന്‍സ് പുതുക്കി നല്‍കാനും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.ചെമ്പ് ഖനനം തുടരാനുള്ള അനുമതിയും ട്രൈബ്യൂണല്‍ നല്‍കിയിരുന്നു.
ഹരിത ട്രൈബ്യൂണലിന്റെ ഈ ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് കമ്പനി തുറന്നു പ്രവര്‍ത്തിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.