ന്യൂഡല്‍ഹി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയ്‌ക്കെതിരെ ബിജെപി.
സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതുകൊണ്ട് തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാജാ സിംഗാണ് രംഗത്തെത്തിയിരിക്കുന്നത്.
വിവി എസ് ലക്ഷ്മണ്‍,പിവി സിന്ധു,സൈന നെഹ്‌വാള്‍ തുടങ്ങിയ മിടുക്കരായ കളിക്കാര്‍ തെലങ്കാനയ്ക്കും രാജ്യത്തിനും വേണ്ടി നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഇവരൊക്കെയുള്ളപ്പോള്‍ പാകിസ്ഥാന്റെ മരുമകളായ സാനിയയെ ബ്രാന്‍ഡ് അംബാസിഡറായി തെലങ്കാനയ്ക്ക് ആവശ്യമില്ലെന്നാണ് രാജാ സിംഗ് പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പാകിസ്താനെതിരെ നിരന്തരമായി കടുത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ത്യന്‍ പൗരന്‍മാരുടെ വികാരം മനസ്സിലാക്കികൊണ്ട് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഇക്കാര്യത്തില്‍ ഇടപെടണമെന്നും രാജാ സിങ് പറഞ്ഞു.സാനിയയെ നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന പാകിസ്താന് ശക്തമായ സന്ദേശം നല്‍കാന്‍ സാധിക്കുമെന്നും ബി.ജെ.പി എം.എല്‍.എ വ്യക്തമാക്കി.