ഡൽഹി: കാസർഗോഡ് പെരിയയിൽ ശരത്, കൃപേഷ് എന്നീ യുവാക്കളെ കൊന്നവരിൽ യഥാര്‍ത്ഥ പ്രതികളെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന് കെ.മുരളീധരൻ എം എൽ എ ദില്ലിയിൽ പറഞ്ഞു. ഏതെങ്കിലും ആളുകളെ പ്രതികളായി എഴുതി കൊടുക്കുന്ന പരിപാടി ഈ കേസിൽ നടക്കില്ല. അരുംകൊലകൾ ഇനിയുണ്ടാകരുത്. അക്രമ പ്രവർത്തനങ്ങൾ കോൺഗ്രസ്സിന്റെ പ്രവർത്തന രീതിയല്ല പക്ഷെ ഈ രീതിയിൽ കോൺഗ്രസ്സുകാരെ കൊന്നൊടുക്കാനാണ് മാർക്സിസ്റ്റുകാരുടെ തീരുമാനമെങ്കിൽ തിരിച്ചടിക്കാൻ കോൺഗ്രസ്സ് നിബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ്സിനെതിരെ എടുത്ത കോടതിയലക്ഷ്യ കേസിനെ മുരളി വിമർശിച്ചു. രണ്ടു നിരപരാധികളെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം മരിച്ചു നാൽപ്പത്തൊന്നു കഴിഞ്ഞാണോ നടത്തേണ്ടത് ? മുരളി ചോദിച്ചു. ഏഴു ദിവസം മുന്‍പ് നോട്ടീസ് നൽകിയശേഷമെ ഹർത്താൽ നടത്താവൂ എന്ന ഹൈക്കോടതി നിർദ്ദേശത്തെയാണ് മുരളി പരാമർശിച്ചത്.ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ്സിനൊപ്പം നിൽക്കും എന്നും കെ മുരളീധരൻ പറഞ്ഞു.