തിരുവനന്തപുരം:ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി.ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിക്കാന്‍ ലക്ഷക്കണക്കിനു സ്ത്രീകളാണ് എത്തിയിരിക്കുന്നത്.ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ക്ഷേത്രപരിസരത്തെത്തി അടുപ്പുകൂട്ടി കാത്തിരിക്കുന്നവരുമുണ്ട്. ഇന്നലെ രാവിലെ മുതല്‍ തിരക്കിലമര്‍ന്ന നഗരത്തിന്റെ ഓരോ മുക്കും മൂലയും പൊങ്കാലയടുപ്പുകള്‍ വച്ച് ആളുകള്‍ സ്ഥലം പിടിച്ചിരുന്നു.ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവ് വരെ പൊങ്കാലക്കളങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ 10 15ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ തീ കൊളുത്തുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാവുന്നത്.ശ്രീകോവിലിനുള്ളില്‍ നിന്നും പകരുന്ന തീ മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്കും സഹ മേല്‍ശാന്തി പണ്ടാര അടുപ്പിലേക്കും പകരുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.തുടര്‍ന്ന് എല്ലാ പൊങ്കാലയടുപ്പുകളിലും തീ പകരും.ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കല്‍ ചടങ്ങ്.
മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ഹരിത പൊങ്കാലയാണ്.പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. പൊങ്കാലയോടനുബന്ധിച്ച് വന്‍ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.