വയനാട്:പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.രാവിലെ ഒമ്പത് മണിക്ക് വസന്തകുമാറിന്റെ വയനാട് തൃക്കൈപറ്റയിലെ കുടുംബവീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബവുമായി സംസാരിച്ച് എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു.മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.ഇതില്‍ താല്‍പര്യമില്ലെങ്കില്‍ എസ് ഐ തസ്തികയില്‍ ജോലി നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും
നിലവിലെ ജോലി തന്നെ ചെയ്യാനാണ് താത്പര്യമെന്ന് ഷീന അറിയിച്ചു.
കുട്ടികളുടെ പഠനകാര്യത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടുമെന്നും വീട്ടിലേക്കുള്ള വഴിയുടെ കാര്യമടക്കം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി.