കാസര്‍കോഡ്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു.സംഭവത്തെ രാഷ്ട്രീയ പ്രശ്നവുമായി കൂട്ടിക്കുഴക്കേണ്ടെന്നും സര്‍ക്കാരോ പാര്‍ട്ടിയോ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്.സംഭവത്തെ താന്‍ മുന്‍പുതന്നെ അപലപിച്ചിരുന്നു.അന്വേഷണം കൃത്യമായി നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു.
താന്‍ പ്രതിനിധീകരിക്കുന്ന ജില്ലയില്‍ ദാരുണമായ സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അതിന്റെ ഭാഗമായാണ് കൃപേഷിന്റെയും ശരത്ലാലിന്റെയും വീട്ടിലെത്തിയതെന്നും മന്ത്രി പറഞ്ഞു.കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം സര്‍ക്കാറിന്റെ ശ്രദ്ധപ്പെടുത്തും.മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ നിലവിലുള്ളതിനപ്പുറമുള്ള അന്വേഷണം ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. രക്ഷിതാക്കളുടെ ദുഃഖം സര്‍ക്കാര്‍ മനസിലാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. സത്യാവസ്ഥ പുറത്തു വരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യം.
പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അതിനാല്‍ കേസ് സിബിഐ അന്വേഷണിക്കണമെന്നും കൃപേഷിന്റെ കുടുംബം ആവശ്യപ്പെട്ടു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.