തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ മന്ത്രിക്കു നേരെയുള്ള നടപടി ഇനിയും വൈകുമെന്നുറപ്പായി.
ലേക്ക് പാലസ് റിസോര്‍ട്ട് കായല്‍ കൈയേറി നിര്‍മിച്ചതാണെന്നും നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം നിലനില്‍ക്കെയാണ് റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കൂടുതല്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏകപക്ഷീയമായതാണെന്നും റിപ്പോര്‍ട്ട് തള്ളണണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍മാണ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ നോട്ടീസ് അയച്ചിരുന്നു.