കാസര്‍കോഡ്:പെരിയ ജവഹര്‍ നോവദയ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു.37 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളുമുള്‍പ്പെടെ 67 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. രണ്ട് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനി ബാധിച്ച കുട്ടികള്‍ ചികില്‍സയ്‌ക്കെത്തിയപ്പോള്‍ ആശുപ്രതി അധികൃതര്‍ക്കു സംശയമുണ്ടായതിനെത്തുടര്‍ന്നാണ് കുട്ടികളുടെ രക്തസാമ്പിളുകള്‍ മണിപ്പാലിലെ ലബോറട്ടറിയിലേക്കയച്ചത്.പരിശോധനയില്‍ 5 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിക്കുകയായിരുന്നു.തുടര്‍ന്നാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബാക്കി കുട്ടികളുടെ ചികില്‍സ തുടങ്ങിയത്.67 കുട്ടികളെ ഒരുമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള അസൗകര്യം കണക്കിലെടുത്ത് സ്‌കൂളില്‍ തന്നെ പ്രത്യേക വാര്‍ഡുണ്ടാക്കി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചികില്‍സ നടത്തുകയാണ്.പനി കൂടിയ രണ്ടു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നവോദയ സ്‌കൂളില്‍ മൊത്തം 520 കുട്ടികളുണ്ട്.ഭൂരിഭാഗം കുട്ടികളും അധ്യാപകരും ഹോസ്റ്റലിലാണ് താമസിക്കുന്നത്.അതിനാല്‍ ബാക്കിയുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.