ലക്‌നൗ:മഹാത്മാ ഗാന്ധിയുടെ രൂപത്തിന് നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോരയൊഴുകുന്നത് പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഹിന്ദുമഹാസേന നേതാവ് പൂജാ ശകുന്‍ പാണ്ഡെയ്ക്ക് ആദരം. ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശികാണ് പൂജാ പാണ്ഡേയ്ക്ക് വാളും ഭഗവത്ഗീതയും നല്‍കി അവര്‍ ചെയ്ത പ്രവര്‍ത്തിയെ മഹത്വവല്‍ക്കരിച്ചിരിക്കുന്നത്.പൂജ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംഭവത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നുമാണ് കൗശികിന്റെ വാദം.
ഗാന്ധിസമാധി ദിനത്തില്‍ ഹിന്ദുമഹാസഭ അലിഗഢില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചുകൊണ്ട് പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിജിയുടെ രൂപത്തില്‍ വെടിയുതിര്‍ത്തത്. വെടിയേറ്റു ചോരയൊഴുകുന്നതും പ്രതീകാത്മകമായി ചിത്രീകരിച്ചു.തുടര്‍ന്ന് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമാവുകയും പോലീസ് കേസെടുക്കുകയും ചെയ്തു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പൂജ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഹിന്ദുമഹാ സഭ ഉപഹാരം നല്‍കി ആദരിച്ചത്.