ദില്ലി:നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍.രാവിലെ പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തു.എന്നാല്‍ ഇന്ത്യന്‍ സേനയും ശക്തമായി പ്രതിരോധം തീര്‍ത്തു.സമാധാനശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരിക്കെയാണ് തുടര്‍ച്ചയായി പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ഇന്നലെ പാക്കിസ്ഥാന്‍ സേനയുടെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടു.നാല്‍പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചശേഷം വിരമിച്ച എയര്‍മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ധമന്റെ മകനാണ് തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാന്‍.ഉത്തര്‍പ്രദേശ് സ്വദേശിനിയായ അഭിനന്ദന്റെ ഭാര്യയും വ്യോമസേനയിലെ പൈലറ്റാണ്.അഭിനന്ദന്റെ വീട് സ്ഥിതി ചെയ്യുന്ന ജല്‍വായു വിഹാര്‍ ഹൗസിംഗ് കോളനി ഇപ്പോള്‍ അതീവ സുരക്ഷയിലാണ്.