ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ വ്യോമാക്രമണത്തിലൂടെ ലക്ഷ്യം വെച്ചത് ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളെയായിരുന്നെന്നും ഇന്ത്യന്‍ സേന നീക്കം പരാജയപ്പെടുത്തിയെന്നും സേനാ മേധാവികള്‍ ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാക് ആക്രമണങ്ങള്‍ ഇന്ത്യയില്‍ വലിയ നാശമുണ്ടാക്കിയിട്ടില്ല.പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു.തിരിച്ചടിക്കുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്നതും വൈമാനികന്‍ പാക് സേനയുടെ പിടിയിലായതും.അഭിനന്ദനെ മോചിപ്പിക്കുമെന്ന വാര്‍ത്ത സന്തോഷകരമാണെന്നും സേനാ മേധാവികള്‍ അറിയിച്ചു.
അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവായി പാക് വിമാനത്തില്‍ നിന്നും വര്‍ഷിച്ച മിസൈലിന്റെ ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ആക്രമണത്തെ കുറിച്ച് പാകിസ്ഥാന്റെ വാദങ്ങള്‍ പരസ്പരവിരുദ്ധമാണെന്നും സേനാത്തലവന്‍മാര്‍ പറഞ്ഞു.ആദ്യം മൂന്നുവിമാനം തകര്‍ത്തുവെന്നും മൂന്നുപൈലറ്റുമാര്‍ പിടിയിലായെന്നും പറഞ്ഞ പാക്കിസ്ഥാന്‍ പിന്നീട് രണ്ടുവിമാനമെന്നും രണ്ടു പൈലറ്റുമാരെന്നുമാണ് പറഞ്ഞത്.ഒടുവില്‍ വൈകിട്ട് ഒരു വിമാനം തകര്‍ത്തുവെന്നും ഒരു പൈലറ്റ് പിടിയിലായെന്നും പറയുകയും ദൃശ്യങ്ങള്‍ പുറത്തുവിടുകയുമായിരുന്നു.
ഇപ്പോഴും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം തുടരുകയാണ്.ഇത്തരത്തില്‍ ഭീകരരെ പ്രോല്‍സാഹിപ്പിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. എയര്‍ഫോഴ്സ് വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍, നാവികസേന അഡ്മിറല്‍ ഡിഎസ് ഗുജ്റാള്‍,മേജര്‍ ജനറല്‍ സുരേന്ദ്രസിംങ് മഹാള്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.