കൊല്ലം:കൊല്ലത്ത് ആളുമാറി മര്‍ദിച്ചതിനെത്തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിയായ ജയില്‍ വാര്‍ഡന്‍ പിടിയില്‍.കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് പിടിയിലായത്.ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.മര്‍ദനത്തില്‍ രഞ്ജിത്തിന് ഗുരുതര പരുക്കേറ്റിരുന്നു.
ഈ മാസം 16 നാണ് സംഭവം.വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.നാട്ടിലെ ഒരു ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം.എന്നാല്‍ താന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും സംഘം മര്‍ദനം തുടരുകയായിരുന്നു.മര്‍ദനത്തില്‍ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിക്കും.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.