വാഗാ അതിര്‍ത്തി:മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി.നേരത്തേ കൈമാറിയെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായതായി ഇപ്പോഴാണ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
9 മണിയോടെ അഭിനന്ദന്‍ പാക് അതിര്‍ത്തിയിലെത്തിയ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.തുടര്‍ന്ന് റോയിറ്റേഴ്‌സ് ഉള്‍പ്പടെയുള്ള വാര്‍ത്താ ഏജന്‍സികളും ദൃശ്യങ്ങള്‍ നല്‍കി.അഭിനന്ദനൊപ്പം പാക് റേഞ്ചര്‍മാരും പാക് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരനും ആര്‍ജികെ കപൂറും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുമടക്കം വ്യോമസേനയിലെയും വിദേശ, പ്രതിരോധമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദനെ നേരിട്ട് സ്വീകരിക്കാന്‍ എത്തി.അഭിനന്ദനെ തിരികെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യോമസേന അറിയിച്ചു.അഭിനന്ദനെ വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കൊണ്ടുപോകുമെന്ന് വ്യോമസേന വ്യക്തമാക്കി.
അഭിനന്ദനെ അമൃത്സറിലെ സൈനിക ആസ്ഥാനത്തേക്കു കൊണ്ടുപോയി.അവിടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തും.നാളെ രാവിലെയായിരിക്കും ഡല്‍ഹിക്കു പോവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.