കാസര്‍കോട്:പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയല്ല,അന്വേഷണ ഏജന്‍സിയെ ആണ് മാറ്റേണ്ടതെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതിനാല്‍ കേസ് സിബിഐക്ക് വിടാനുള്ള എല്ലാ വഴിയും തേടുമെന്നും രമേശ് ചെന്നിത്തല കാസര്‍കോട് പറഞ്ഞു.
കേസില്‍ ആദ്യം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്ക് മാറ്റിയത്.ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.