ന്യൂഡല്‍ഹി:പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും വ്യോമസേനാ മേധാവി ബി എസ് ധനോവയും അഭിനന്ദന്‍ വര്‍ധമാനുമായി കൂടിക്കാഴ്ച നടത്തി.ദില്ലിയിലെ ആശുപത്രിയില്‍ കഴിയുന്ന അഭിനന്ദനെ സന്ദര്‍ശിച്ച പ്രതിരോധമന്ത്രിയോടും വ്യോമസേനാ മേധാവിയോടും പാക്കിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ അഭിനന്ദന്‍ വിശദീകരിച്ചു.രാജ്യം മുഴുവന്‍ അഭിന്ദനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഇന്നലെ വാഗാ അതിര്‍ത്തിയില്‍ വച്ചാണ് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്. രാത്രിയോടെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ ദില്ലിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പാകിസ്ഥാന്‍ കസ്റ്റഡിയില്‍ രണ്ട് ദിവസത്തോളം കഴിഞ്ഞ അഭിനന്ദനെ മാനസികമായും ശാരീരികമായും സുഖപ്പെടുത്തുകയും സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനുമുള്ള ചികിത്സകളും കൗണ്‍സിലിംഗുമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.റോ,ഐബി, വ്യോമസേന,കരസേന തുടങ്ങിയ സുരക്ഷാ ഏജന്‍സികളുടെ പ്രതിനിധികള്‍ അഭിനന്ദനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും.തടവിലിരിക്കെ അഭിനന്ദനില്‍ നിന്നും എന്തൊക്കെ കാര്യങ്ങള്‍ പാകിസ്ഥാന്‍ സൈനികര്‍ മനസ്സിലാക്കി എന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രധാനമായും അറിയേണ്ടത്.
അഭിനന്ദന്റെ കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ അദ്ദേഹത്തെ കണ്ടു. ആശുപത്രി വിട്ടാല്‍ ദില്ലിയിലെ വ്യോമസേനാ ഓഫീസേഴ്‌സ് മെസിലാവും അഭിനന്ദന്‍ താമസിക്കുക.