തിരുവനന്തപുരം:വേനല്‍ച്ചൂടില്‍ പൊള്ളുന്ന സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്നും നാളെയും സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി നേരത്തേ ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നല്‍കിയിരുന്നു.
നിലവില്‍ താപനില വര്‍ധിച്ചിരിക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്ഥിതി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.
പ്രളയകാലത്തെ ദുരന്തങ്ങള്‍ അതിജീവിച്ച കേരളത്തിന് ഇനി വരള്‍ച്ചയുടെ കെടുതി കൂടി അഭിമുഖീകരിക്കേണ്ടിവരും.ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ മിക്ക ജലാശയങ്ങളും വറ്റിവരണ്ടു കഴിഞ്ഞു.മലയോരമേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.കുട്ടനാട്ടിലുള്‍പ്പെടെ ജലക്ഷാമം രൂക്ഷമായതോടെ കര്‍ഷകരും കടുത്ത ആശങ്കയിലാണ്.വന്യമൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി നാട്ടിലിറങ്ങുന്നതും വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നതും വിവിധ ജില്ലകളില്‍നിന്നുള്ള കാഴ്ചകളാണ്.സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.