കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് കൊണ്ട് മാത്രമല്ല അതേ സമയം ഒരു നല്ല കാറിന്റെ പ്രത്യേകതകള്‍ ഉള്ളതുകൊണ്ടുമാണ് സ്‌കോര്‍പ്പിയോ ഏറെ പ്രിയപ്പെട്ടതായത്. ജനപ്രിയ എസ്‌യുവി സ്‌കോര്‍പ്പിയോയുടെ പുതിയ മോഡലുമായാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര വിപണിയില്‍ എത്തിയിരിക്കുന്നത്.
കൂടുതല്‍ കരുത്തുള്ള എഞ്ചിനുമായിട്ടാണ് ഇത്തവണ സ്‌കോര്‍പിയോ എത്തുന്നതെന്നാണ് പിന്നാമ്പുറ സംസാരം. ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്‌കോര്‍പിയോ വരുന്നത്. ഏകദേശം ജീപ്പിന്റെ ഗ്രില്ലിനെ അനുസ്മരിപ്പിക്കുന്ന വിധം ഗ്രില്‍ ചെറുതായിട്ടുണ്ട്. കൂടാതെ താഴെ നീളത്തിലുള്ള എയര്‍വെന്റുകളും പുതിയ ഫോഗ്ലാമ്പുകള്‍ക്കുമൊപ്പം പിന്നിലും ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പഴയതിനേക്കാളും 20 എച്ച്.പി. കൂടുതല്‍ കരുത്ത് നല്‍കുന്ന 2.2 ലിറ്റര്‍ എം. ഹ്വാക്ക് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ആകാരത്തില്‍ വലിയ മാറ്റമൊന്നുമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ മാറ്റങ്ങളുണ്ടായേക്കും. ടച്ച് സ്‌ക്രീനിന് വലിപ്പം കൂടുന്നുണ്ട്. അതോടൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയടക്കമുള്ള നവീന സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ സ്‌കോര്‍പിയോയുടെ വരവ്. പണിപ്പുരയിലുള്ള വാഹനത്തിന്റെ ട്രയല്‍ റണ്ണുകള്‍ കര്‍ണാടകത്തില്‍ നടക്കുന്നതായാണ് വിവരം.