കോഴിക്കോട്:ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ പരാതിയിലാണ് തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് അറിയിച്ചത്. വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരും അറിയിച്ചു. പരാതിക്കാരനായ പി.കെ ഫിറോസിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.പരാതിയില്‍പ്പറയുന്ന മറ്റ് കുറ്റാരോപിതര്‍ക്കെതിരെയും അന്വേഷണമുണ്ടാകില്ല.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി ജലീല്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്തി ബന്ധു അദീപിനെ നിയമിച്ചുവെന്നായിരുന്നു യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ പരാതി. യോഗ്യതയുള്ള മറ്റ് അപേക്ഷകരെ തള്ളിയാണ് വേണ്ടത്ര യോഗ്യതയില്ലാത്ത ബന്ധുവിന് നിയമനം നല്‍കിയതെന്നും ഫിറോസ് ആരോപിച്ചിരുന്നു.സംഭവം വലിയ വിവാദമായതോടെ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.