ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടിന്റെ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നും മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. മോഷ്ടിച്ച രേഖകള്‍ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
ഹിന്ദു എഡിറ്റര്‍ എന്‍ റാം നല്‍കിയ കത്ത് പരിഗണിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന വിവരം പറഞ്ഞത്. എന്നാല്‍ മോഷ്ടിച്ച രേഖകള്‍ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ ഒരു മാസമായി വരുന്നുണ്ടെങ്കില്‍ ഇത്രയും കാലം എന്ത് ചെയ്യുകയായിരുന്നുവെന്നും രേഖകള്‍ മോഷ്ടിച്ചുവെങ്കില്‍ എന്തു നടപടിയെടുത്തെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും കോടതി അറ്റോര്‍ണി ജനറലിന് നിര്‍ദേശം നല്‍കി.
ഹിന്ദു ദിനപ്പത്രത്തിലൂടെ എന്‍ റാം റഫാല്‍ സംബന്ധിച്ച ചില രേഖകള്‍ പുറത്തുവിട്ടിരുന്നു. ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതിനെ തുടര്‍ന്ന് യു പി എ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കരാറിനെക്കാളും 246.11 ദശ ലക്ഷം യൂറോ അധികച്ചെലവ് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പുതിയ രേഖകള്‍ പരിശോധിക്കാനാകില്ലെന്നു കോടതി പറഞ്ഞു. എന്നാല്‍ ശരിയായ രേഖകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കേസിലെ വിധി മറ്റൊന്നാകു മായിരുന്നെന്നും രേഖകള്‍ കോടതിയില്‍ നിന്ന് മറച്ചുവച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജരേഖ ചമച്ചതിന് കേസ് എടുക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.