നടക്കാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായിരുന്ന മുൻതൂക്കം കളഞ്ഞുകുളിക്കുന്ന മട്ടിലാണ് കോൺഗ്രസ് നേതൃത്വം.നിലവിലെ എം പി മാരെയൊക്കെ നിലനിർത്തും എന്നൊരു തീരുമാനം ഉണ്ടായി .പക്ഷെ അവരെ പോലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിയാതെ വട്ടം തിരിയുകയാണ് കോൺഗ്രസ് .ആകെ യു ഡി എഫ് പക്ഷത്തു നിന്നും ഔദ്യോഗികമായി രംഗത്തിറങ്ങിയിരിക്കുന്നത് കൊല്ലം പാർലമെന്റ് സീറ്റിൽ എൻ കെ പ്രേമചന്ദ്രനാണ് .മികച്ച സ്ഥാനാർത്ഥികൾ ഉണ്ടായിട്ടും അവരെ ഉപയോഗിക്കാൻ കോൺഗ്രസിനാകുന്നില്ല .കേരളാ കോൺഗ്രസ് എമ്മിലെ പി ജെ ജോസഫിന്റെ കലാപം കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥി നിർണയം കീറാമുട്ടിയാക്കുന്നു.ഈ പ്രശ്നത്തിൽ തീരുമാനം ആകും മുൻപ് കോട്ടയം,ഇടുക്കി സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാനാകാത്ത സ്ഥിതി ആണ് .കോട്ടയം സീറ്റ് ഉമ്മൻ ചാണ്ടിക്കായി ചോദിച്ചാൽ കേരളാ കോൺഗ്രസ് എമ്മിന് വഴങ്ങേണ്ടി വരും ,മാണിയെ അനുനയിപ്പിച്ചു പി ജെ ജോസഫിനെ ഇടുക്കിയിൽ നിർത്താനായാൽ യു ഡി എഫിന് അത് നേട്ടമാകും.അത്തരമൊരു സീറ്റ് കൈമാറ്റ ചർച്ച കോൺഗ്രസിൽ ഇതുവരെ തുടങ്ങിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ താല്പര്യമില്ലായ്മ തന്നെയാണ് പ്രശ്നം .ഉമ്മൻചാണ്ടി കോട്ടയത്ത് മത്സരിക്കാനിറങ്ങിയാൽ അത് സമീപ സീറ്റുകളിലും കോൺഗ്രസിന് നേട്ടമാകും.ആലപ്പുഴയിലേക്കെത്തുമ്പോൾ കെ സി വേണുഗോപാലിന് മത്സരിക്കാൻ ഭയമാണ്. എതിരായി വരുന്നത് തോമസ് ഐസക് ആയാലും ആരിഫായാലും മത്സരം കടുക്കും .ഇപ്പോൾ ആരിഫിനെ സി പി എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. വേണുഗോപാൽ സുരക്ഷിത മണ്ഡലമായ വയനാട് സീറ്റിനായി ശ്രമിക്കുന്നു എന്നാണു ഇപ്പോൾ അറിയുന്നത് . ആലപ്പുഴയിൽ കോൺഗ്രസിന് അവതരിപ്പിക്കാൻ പറ്റിയ സ്ഥാനാർഥി വി എം സുധീരനാണ് ,ഉറപ്പായും ജയിച്ചു കയറുകയും ചെയ്യും .പക്ഷെ അദ്ദേഹവും മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് .വടകര സീറ്റിൽ മുല്ലപ്പള്ളി മത്സരിച്ചില്ലെങ്കിൽ കോൺഗ്രസിന് വളരെ ബുദ്ധിമുട്ടാകും .ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള വടകരയിൽ മുല്ലപ്പള്ളിയല്ല സ്ഥാനാർത്ഥിയെങ്കിൽ സീറ്റു കൈവിട്ടുപോകാൻ സാധ്യതയേറെയാണ്.സ്ഥാനാർഥി നിർണ്ണയം വൈകിക്കുന്നതും മോശം സ്ഥാനാർഥിനിർണ്ണയവും കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും തീർച്ച ,അതോടൊപ്പം മത്സരിക്കുന്ന കാര്യത്തിൽ മുൻനിര നേതാക്കളുടെ നിസ്സംഗതയും കൂടിയാകുമ്പോൾ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻദുരന്തം.