വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.ഇന്നലെ രാത്രി ദേശീയപാതയ്ക്കു സമീപമുള്ള റിസോര്ട്ടിനടുത്തുവെച്ചാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീലെന്നാണ് സൂചന.ഇന്നുരാവിലെ നടത്തിയ തിരച്ചിലില്‍ റിസോര്‍ട്ടിനു സമീപം കമിഴ്ന്നു കിടന്ന നിലയിലാണ് മാവോയിസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, കളക്ടര്‍ അജയ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.
വെടിവയ്പ് നടന്ന റിസോര്‍ട്ടിന് സമീപത്തെ കാട്ടിലേക്ക് ഓടിയ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒരാള്‍ കസ്റ്റഡിയിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ രാത്രി ആയുധധാരികളായ എട്ടംഗ മാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തി പണം ആവശ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രാത്രി എട്ടരയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ പുലര്‍ച്ചെ വരെ തുടര്‍ന്നു.രക്ഷപ്പെട്ട രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.മുപ്പതിലധികം സേനാംഗങ്ങള്‍ ഇപ്പോഴും കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തുകയാണ്.
കണ്ണൂര്‍ റേഞ്ച് ഐജി വയനാട്ടിലെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി.