വൈത്തിരി:വൈത്തിരിയില്‍ നടന്നത് ഏകപക്ഷീയമായ കൊലപാതകമാണെന്നും സിപി ജലീലിന്റെ മരണത്തില്‍ പോലീസിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ജലീലിന്റെ സഹോദരന്‍ സിപി റഷീദ് ആവശ്യപ്പെട്ടു.റിസോര്‍ട്ട് മാനേജര്‍മാരുടെ വെളിപ്പെടുത്തലിലൂടെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് വെടിവെച്ചതെന്നു വ്യക്തമായതായും റഷീദ് പറഞ്ഞു.
പശ്ചിമഘട്ടമേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന തണ്ടര്‍ബോള്‍ട്ടിനെ
പിരിച്ചുവിടണമെന്നും റഷീദ് ആവശ്യപ്പെട്ടു.സി പി ജലീലിന്റെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മറ്റൊരു സഹോദരന്‍ ജിഷാദും ആവശ്യപ്പെട്ടിരുന്നു.

വൈത്തിരിയില്‍ ആദ്യം വെടിവെപ്പു തുടങ്ങിയത് മാവോയിസ്റ്റുകളാണെന്നും ആത്മരക്ഷാര്‍ത്ഥം തിരിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്നുമുള്ള പോലീസ് വാദത്തെ തള്ളുന്നതാണ് റിസോര്‍ട്ട് മാനേജര്‍മാരുടെ വെളിപ്പെടുത്തല്‍. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിസോര്‍ട്ട് മാനേജര്‍മാര്‍ പറഞ്ഞത്.